കേരളം
ഉത്തരവ് ജീവനക്കാരെ സഹായിക്കാൻ, ഉപദ്രവിക്കാനല്ല’: കെ എസ് ആർ ടി സിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി
കെ എസ് ആർ ടി സിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിനെതിരെ ഭരണാനുകൂല യൂണിയനുകളിൽ നിന്നുൾപ്പടെ പ്രതിഷേധം കനക്കുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. ഗഡുക്കളായി ശമ്പളം വേണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെന്നും ആരെയും നിർബന്ധിക്കില്ലെന്നും പറഞ്ഞ മന്ത്രിജീവനക്കാരെ സഹായിക്കാനാണ് അല്ലാതെ ഉപദ്രവിക്കാനല്ല ഉത്തരവെന്നും പറഞ്ഞു.
‘ഉത്തരവുകൊണ്ട് ആർക്കും പ്രത്യേകിച്ച് ഒരു ദോഷവും ഉണ്ടാകുന്നില്ല. കാരണം ആവശ്യമുള്ളവർക്ക് അഞ്ചാംതീയതിക്കുമുമ്പ് ശമ്പളം പകുതിയെങ്കിലും വാങ്ങിക്കാം. ഒരുമിച്ച് വേണ്ടവർക്ക് ഗവൺമെന്റിന്റെ പണംകൂടി കിട്ടിയശേഷം ഒരുമിച്ച് കിട്ടും. ഇതിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഉത്തരവിനെ എതിർക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ല. ഇതുകൊണ്ട് കുറച്ചുപേർക്ക് പ്രയോജനമല്ലേ ഉണ്ടാകുന്നത്. അതിനെ എതിർക്കേണ്ട കാര്യമുണ്ടോ?- ഗതാഗത മന്ത്രി ചോദിച്ചു.
അതേസമയം, ശമ്പളവിതരണം ഗഡുക്കളാക്കാനുളള ഉത്തരവിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സി ഐ ടി യു പ്രവർത്തകർ എം ഡി ബിജുപ്രഭാകരന്റെ കോലം കത്തിച്ചു. കെ എസ് ആർ ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നും ഗതാഗത മന്ത്രിയും സി എം ഡിയും നിലപാട് തിരുത്തണമെന്നും കെ എസ് ആർ ടി ഇ എ (സിഐടിയു) ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധമുണ്ട്.
ശമ്പള വിതരണം ഗഡുക്കളാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിയ്ക്ക് മുൻപ് നൽകും. ബാക്കി ശമ്പളം സർക്കാർ ധനസഹായത്തിന് ശേഷം നൽകും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെ എസ് ആർ ടി സി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് എം ഡിയുടെ ഉത്തരവിൽ പറയുന്നു. ഗഡുക്കളായി ശമ്പളം വാങ്ങാൻ താൽപര്യമില്ലാത്തവർ ഈ മാസം 25ന് മുൻപ് സമ്മത പത്രം നൽകണമെന്നും ഉത്തരവിൽ പറയുന്നു.