കേരളം
ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം അതിരുകവിഞ്ഞ ആനപ്രേമം: വനംമന്ത്രി എ.കെ.ശശീന്ദ്രൻ
കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തുന്ന കാട്ടാന അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് നീങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിലെ സ്ഥിതി വനംമേധാവി പരിശോധിക്കുമെന്നും അരിക്കൊമ്പനെതിരെ നടപടിക്ക് ഹൈക്കോടതിയുടെ ഉപദേശം വേണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ആന തമിഴ്നാട് പരിധിയിലാണെന്നും വേണ്ട നടപടി തമിഴ്നാട് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.
‘‘വനംവകുപ്പിന്റെ അന്നത്തെ നിലപാട് ആനയെ മയക്കുവെടിവച്ച് പിടികൂടി ആന പരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു. കോടതിയുടെ തീരുമാനം നിൽക്കെ, ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഹൈക്കോടതി നിയോഗിച്ച കമ്മിഷനുണ്ട്. ആന കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് കോടതിയുടെ ഉപദേശം അനുസരിച്ച് ചെയ്യും’’– മന്ത്രി പറഞ്ഞു.
‘‘ആനയെ ഉൾക്കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന നിലപാടാണ് ഞങ്ങൾ എടുത്തത്. പക്ഷേ, കോടതി വിധി വന്നാൽ അതിനനുസരിച്ചേ പറ്റൂ. തമിഴ്നാടിന് ഉചിതമായ നടപടി സ്വീകരിക്കാം. പക്ഷേ, നാളെ കോടതി വിധി വന്നുകൂടായ്കയില്ല. അതിരുകവിഞ്ഞ ആന സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ, ആന പ്രേമികൾ കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണിത്’’– മന്ത്രി കൂട്ടിച്ചേർത്തു.