കേരളം
മീടൂ: പതിറ്റാണ്ടുകള്‍ക്കു ശേഷം പരാതി ഉന്നയിക്കാന്‍ സ്ത്രീക്ക് അവകാശം; പ്രിയ രമണിക്കെതിരായ അപകീര്‍ത്തി കേസ് തള്ളി
മീടു ലൈംഗിക ആരോപണം ഉന്നയിച്ചതിന് മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസ് കോടതി തള്ളി. ലൈംഗിക അതിക്രമ കേസുകളില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷവും പരാതി ഉന്നയിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കോടതിയുടെ നടപടി.
ലൈംഗിക അതിക്രമം ഒരാളുടെ അന്തസ്സും ആത്മവിശ്വാസവുമാണ് ഇല്ലാതാക്കുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബലികഴിച്ചുകൊണ്ട് ബഹുമാന്യതയ്ക്കുള്ള അവകാശത്തെ സംരക്ഷിക്കാനാവില്ല. സാമൂഹ്യമായ ഉന്നത പദവിയുള്ള ആള്‍ ലൈംഗിക പീഡകനുമാവാമെന്ന് കോടതി നിരീക്ഷിച്ചു.
ലൈംഗിക അതിക്രമത്തിന്റെ ആഘാതം എത്രയെന്നു സമൂഹം അറിയണം. അതിന് ഇരയാവുന്നവര്‍ അനുഭവിക്കുന്ന പീഡനം മനസ്സിലാക്കണം. തുല്യതയോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. തന്റെ പരാതി തനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഏതു വേദിയിലും ഉന്നയിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.
തനിക്കുണ്ടായ ദുരനുഭവം മാനസികാഘാതം മൂലം വര്‍ഷങ്ങളോളം പറയാന്‍ ചിലര്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇതു സമൂഹം മനസ്സിലാക്കണം. ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സ്ത്രീ ശിക്ഷിക്കപ്പെടരുതെന്ന് കോടതി പറഞ്ഞു