ദേശീയം
യാത്രയ്ക്കിടെ സ്വയംഭോഗം; യുവതിയുടെ വെളിപ്പെടുത്തലിൽ ‘റാപ്പിഡോ ഡ്രൈവർ’ അറസ്റ്റിൽ
ബംഗളൂരുവിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ‘റാപ്പിഡോ’ ഡ്രൈവർ അറസ്റ്റിൽ. യാത്രാമധ്യേ ഡ്രൈവർ സ്വയംഭോഗം ചെയ്തതായി യുവതി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇയാൾ അയച്ച ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി. മണിപ്പൂരിലെ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോകാനാണ് ബംഗളുരു യുവതി റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്.
മണിപ്പൂരിലെ അക്രമത്തിനിരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ടൗൺഹാളിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കാനാണ് താൻ പോയതെന്ന് യുവതി പറയുന്നു. പ്രകടനത്തിന് ശേഷം സിറ്റിയിലേക്ക് പോകാൻ റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തു. വിളിക്കാൻ വന്ന ഡ്രൈവർ റാപ്പിഡോ ആപ്പിൽ രജിസ്റ്റർ ചെയ്ത ബൈക്കിന് പകരം മറ്റൊരു ബൈക്കാണ് കൊണ്ടുവന്നത്. യാത്രയ്ക്കിടെ വിജനമായ ഒരു പ്രദേശത്ത് എത്തിയപ്പോൾ, ഇയാൾ ഒരു കൈകൊണ്ട് ബൈക്ക് ഓടിക്കാൻ തുടങ്ങിയെന്നും യുവതി പറയുന്നു.
ആദ്യം ഒന്നും മനസിലായില്ലെങ്കിലും പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുകൊണ്ടാണ് വണ്ടി ഓടിക്കുന്നതെന്ന് മനസിലായി. ഇത് കണ്ട് താൻ ഞെട്ടിപ്പോയെന്നും ഭയം കാരണമാണ് പുറകിൽ മിണ്ടാതിരുന്നെന്നും യുവതി പറഞ്ഞു. വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തിയ ശേഷവും ഡ്രൈവറിൽ നിന്ന് ശല്യം തുടർന്നു. ഇയാളിൽ നിന്ന് കോളുകളും വാട്ട്‌സ്ആപ്പിൽ മെസേജുകളും വരാൻ തുടങ്ങി. അശ്ലീല സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയത്തോടെ ബ്ലോക്ക് ചെയ്തു. ഡ്രൈവറുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവെച്ചിട്ടുണ്ട്.