ദേശീയം
സൈനിക ക്യാമ്പിന് മേല്‍ മണ്ണിടിച്ചില്‍: മരണം 14 ആയി
മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ 60 ഓളം പേര് ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഡിജിപി പി ദൗഗല്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് നോനി ജില്ലയിലെ ടുപുല്‍ റെയില്‍വേ സ്റ്റേഷന് സമീപം സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 23 പേരെയാണ് പുറത്തെടുത്തത്. ഇതില്‍ 14 പേര് മരിച്ചു. തിരച്ചില്‍ തുടരുകയാണ്. സൈനികരും, റെയില്‍വേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കം 60 ഓളം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഡിജിപി പറഞ്ഞു.
നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന്‍ സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മോദി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.