കേരളം
പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; മുൻകാമുകന്റെ പകയിൽ വിവാഹപ്പന്തൽ മരണവേദിയായി
ഇന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികൾ. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്. ഇത് അംഗീകരിക്കാതെ വിവാഹത്തലേന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു നാലംഗ സംഘം.
ജിഷ്ണു എന്ന മുൻ കാമുകനേയും അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാജന്റെ മകളുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു. പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട രാജന്റെ മകളും പ്രതികളിൽ ഒരാളായ ജിഷ്ണുവും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ ജിഷ്ണുവിന്റെ സ്വഭാവ ദൂഷ്യം മൂലം പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി.
ഇന്നലെ മുൻ കാമുകനും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ ആക്രമണം തുടങ്ങി. തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.