കേരളം
സ്വപ്‌നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ പിടിയില്‍
നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസ് ആണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. പഞ്ചാബില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഐടി വകുപ്പിലെ ജോലിക്കാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് ഐ ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി ലഭിച്ചത്. മുംബൈയിലെ അംബേദ്കർ സർവകലാശായില്‍നിന്ന് ബി കോം ബിരുദം നേടിയതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്പേസ് പാർക്കിൽ നിയമനം നേടിയത്.
സ്പേസ് പാർക്കിന്‍റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വ്യാജ സർട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവശങ്കറാണ് ജോലി നൽകിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.