ദേശീയം
ജമ്മു കാശ്മീരില്‍ ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും
ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരില്‍ മലയാളിയും. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പാഹി വൈശാഖ് എച്ചാണ് വീരമൃത്യു വരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാല് ജവാന്മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂറന്‍കോട്ടിലെ ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു. തീവ്രവാദികള്‍ പ്രദേശത്ത് തുടരുന്നതായി സംശയിക്കുന്നതിനാല്‍ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്.
തെരച്ചില്‍ നടക്കുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. സുരങ്കോട് സബ്ഡിവിഷനിലെ മുഗള്‍ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വനങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സുരക്ഷാ സേന സംശയിക്കുന്നുണ്ട്.
കനത്ത സുരക്ഷയാണ് ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു.