കേരളം
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം; ജോസഫൈനെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ തന്നെ എംസി ജോസഫൈനെ പദവിയിൽ നിന്നും പുറത്താക്കണമെന്നാണ് ഹരീഷ് തന്റെ ഹ്രസ്വമായ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര നന്നായി ഭരണം നടത്തിയാലും ഇത്തരക്കാരെ ഇനി സഹിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം. പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങൾ അന്തം കമ്മികളുടെ അഭിപ്രായം’, എന്നാണ് ഹരീഷ് കുറിപ്പിൽ പറയുന്നത്.
സംഭവം വിവാദമായതോടെ നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നാലെ നിരവധി കമന്റുകളും. ‘ഒഴുകുന്ന പുഴയിൽ ചിലപ്പോൾ ചവറുകൾ വന്നടിയും, അത് മാറ്റാത്തിടത്തോളം കാലം ആ പുഴ മാലിന്യങ്ങൾ നിറഞ്ഞതാവും. എത്രയും പെട്ടെന്ന് അത് വൃത്തിയാക്കുക’, എന്നാണ് കുറിപ്പിന് താഴെ വന്ന ഒരു കമന്റ്. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുളള കമന്റുകളാണ് കൂടുതലും.
വയോധികയെ അപമാനിച്ച സംഭവത്തിനെതിരെ ഹരീഷിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങല്‍ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപകരമായി സംസാരിച്ചതാണ് വിവാദമായത്. പി സി ജോര്‍ജ് അടക്കമുള്ള നിരവധി നേതാക്കള്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 89കാരിയായ കിടപ്പുരോഗിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന നിലപാടിലാണ് വനിത കമ്മിഷന്‍ അധ്യക്ഷ. വിളിച്ചയാളുടെ ആശയ വിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും മാധ്യമങ്ങള്‍ സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന പത്ര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍പോലും പാലിക്കാതെ തികച്ചും ഏകപക്ഷീയമായ വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമ സമൂഹം ചിന്തിക്കേണ്ടതാണെന്നും വനിത കമ്മിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തിൽ കഥാകൃത്ത് ടി പത്മനാഭനും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. എംസി ജോസഫൈന്റെ പ്രവൃത്തി ക്രൂരമായിപ്പോയി. മനസ്സിലും പെരുമാറ്റത്തിലും ദയയില്ല. പദവിക്ക് ചേരാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചത്. ഇന്നോവ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ജോസഫൈനെ നിയമിച്ചിരിക്കുന്നത് എന്തിനാണെന്നും പത്മനാഭന്‍റെ ചോദിച്ചു. സിപിഐഎം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിനിടെ പി ജയരാജനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാക്കമ്മീഷന് എതിരെ സംസാരിച്ചതുകൊണ്ട് തനിക്കെതിരെയും കേസ് ഫയൽ ചെയ്യുമോ എന്ന ഭയമുണ്ട്. ഇത്തരം മോശം പ്രവൃത്തികൾ കാരണം സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളും ഇല്ലായ്മ ചെയ്യപ്പെടുകയാണെന്നും ജാഗ്രത വേണമെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ പ്രതികരിച്ചത്. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും അവർ പറഞ്ഞു. വസ്തുത എന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും, ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് പത്മനാഭനെന്നും ജോസഫൈൻ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും അവർ വ്യക്തമാക്കി.
കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചതാണ് വിവാദത്തിലേയ്ക്ക് വഴിയൊരുക്കിയത്. പരാതി കേൾക്കാൻ നേരിട്ട് ഹാജരാകാതെ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്.