കേരളം
ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ അറസ്റ്റിൽ
വിവാദമായ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചതായി ഇ.ഡി അറിയിച്ചു.
വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ബുധനാഴ്ച (ഇന്ന്) രാവിലെ കോടതിയിൽ ഹാജരാക്കും.
ശിവശങ്കറിനെ ഇ.ഡി തുടർച്ചയായി രണ്ട് ദിവസം കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ചൊവ്വാഴ്ച രാത്രി അവസാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽനിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ കോഴയായി ലഭിച്ച കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.
ജനുവരി 23ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകാനെത്തിയ ലൈഫ് മിഷൻ കോഴക്കേസിലെ പ്രതി സ്വപ്ന സുരേഷ്, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മൂന്ന് മില്യൻ ദിർഹത്തിന്‍റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണമെന്നും സ്വപ്ന വ്യക്തമാക്കി. സ്വപ്നയെ കൂടാതെ മറ്റ് പ്രതികളായ സരിത്, സദ്ദീപ് എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ കൈപ്പറ്റിയെന്ന് നേരത്തെ കസ്റ്റംസ് ആരോപിച്ചിരുന്നു. സ്വപ്നയുടെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പണം ശിവശങ്കർ കൈക്കൂലിയായി കൈപ്പറ്റിയ തുകയെന്നായിരുന്നു സ്വപ്നയുടെ മൊഴി അടിസ്ഥാനത്തിൽ കസ്റ്റംസിന്‍റെ ആരോപണം.
ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി 18.50 കോടി രൂപയാണ് യു.എ.ഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിട നിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തെന്നാണ് കേസ്.