കേരളം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കി നാട്ടുകാര്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരസ്യ പ്രതിഷേധവുമായി നാട്ടുകാര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേസിലെ പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
ആറ് പ്രതികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതമാണ് നാട്ടുകാരുടെ ലുക്കൗട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയുമാണ് പ്രചരിപ്പിച്ചത്.
പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നോട്ടീസ് ഇറക്കിയിരുന്നില്ല. കേസില്‍ പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് 15 ദിവസമായി. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.