ദേശീയം
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം : അടുത്തയാഴ്ചയെന്ന് സൂചന
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ചയുണ്ടാകുമെന്ന സൂചനയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന യോഗം ബുധനാഴ്ച്ച നടക്കും. നിര്‍ണായക പ്രഖ്യാപനങ്ങളും പദ്ധതികളുടെ ഉദ്ഘാടനവും വരും ദിവസങ്ങളിലുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗത്തിന്‍റെ ഒഴിവ് നികത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ ചൊവ്വയും ബുധനും ജമ്മുകശ്മീരില്‍. ഒരുക്കങ്ങള്‍ വിലയിരുത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും പരിശോധിക്കും. മടങ്ങിയെത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സമ്പൂര്‍ണയോഗം. തുടര്‍ന്ന് ഏത് സമയവും ആ പ്രഖ്യാപനം പ്രതീക്ഷിക്കാം. കേന്ദ്രസേനയുടെ വിന്യാസം അടക്കമുള്ള സുരക്ഷാ കാര്യങ്ങള്‍ ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുമായി കമ്മിഷന്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.
റെയില്‍മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു. 3,400 കമ്പനി കേന്ദ്രസേനയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 920 കമ്പനി ബംഗാളിലും 635 കമ്പനി ജമ്മുകശ്മീരിലും. പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മുകശ്മീര്‍ നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ച്ചയ്ക്ക് അകം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. സിഎഎ ചട്ടങ്ങളും വിജ്ഞാപനം ചെയ്തേക്കും. 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നാളെ നിര്‍വഹിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായിരുന്ന അനുപ് പാണ്ഡെ വിരമിച്ചതിന് പകരമായി പുതിയ അംഗത്തെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉന്നത നിയമങ്ങള്‍ നടത്തരുതെന്നാണ് മാതൃക പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നത്. പുതിയ അംഗത്തിന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 1996ന് ശേഷം ആദ്യമായി രണ്ട് അംഗങ്ങള്‍ മാത്രമായി കമ്മിഷന് തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കേണ്ടിവരും.