Uncategorized
വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മ്മികമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പഞ്ചാബില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഗുല്‍സാ കുമാരിയും ഗുര്‍വീന്ദര്‍ സിങ്ങുമാണ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. നിലവില്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ഉടന്‍ തന്നെ വിവാഹം കഴിക്കും. യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുന്നതായും സംരക്ഷണം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ഇരുവരും ആവശ്യപ്പെട്ടത്.
ഹര്‍ജിയുടെ മറവില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നതെന്നും ഇത് സാമൂഹികമായും ധാര്‍മ്മികമായും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയിന്മേല്‍ ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ ഉത്തരവിടാന്‍ നിര്‍വാഹമില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതി കമിതാക്കളുടെ ആവശ്യം തള്ളിയത്.
ജസ്റ്റിസ് എച്ച് എസ് മദനാണ് ഹര്‍ജി പരിഗണിച്ചത്. 19കാരിയായ ഗുല്‍സാ കുമാരിയും 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.