കേരളം
സ്ഥാനാർത്ഥി പട്ടിക തൃപ്തികരമല്ല; കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക്
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി നേതാക്കൾ. സീറ്റ് ലഭിക്കാത്ത പലരും പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്ന കാഴ്ചയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കാണാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് ശേഷം വനിതാ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് . കോണ്‍ണ്‍ഗ്രസില്‍ നിന്നും രാജിവച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
പിന്നാലെ അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് അറിയിച്ചു. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി മോഹന്‍ രാജ് പൊട്ടിത്തെറിച്ചു. കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്റാറും കാലുവാരി തന്നെ തോല്‍പ്പിച്ചു.
കോന്നിയില്‍ തന്നെ പരാജയപ്പെടുത്തിയ ആള്‍ക്ക് കോന്നിയിലെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണ്. പി മോഹന്‍ രാജ് പറഞ്ഞു. അപമാനം സഹിച്ചു കോണ്‍ഗ്രസില്‍ തുടരുന്നില്ല. 52വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്നും മോഹന്‍ രാജ് വ്യക്തമാക്കി.
സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത് എത്തി . തന്നോട് തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചതെന്നും റോയി കെ പൗലോസ്. അനര്‍ഹരായ പലര്‍ക്കും സീറ്റ് നല്‍കിയെങ്കിലും തന്നെ പരിഗണിച്ചില്ല. എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാര്‍ട്ടി നേതൃത്വം പറയണമെന്നും റോയി കെ പൗലോസ് പറഞ്ഞു.
തുടർന്ന് കെപിസിസി സെക്രട്ടറി രമണി പി നായരും രാജിവെച്ചു. സീറ്റ് നൽകാമെന്ന് ചെന്നിത്തല ഉറപ്പു നൽകിയിരുന്നുവെന്നും രമണി പറഞ്ഞു. തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം മറ്റൊരു പാർട്ടിയിലേക്കും ഇനിയില്ല എന്നും മരിക്കും വരെ കോൺഗ്രസിൽ തന്നെ തുടരുമെന്നും രമണി പറഞ്ഞു.