ദേശീയം
കെഎസ്ആർടിസിയിൽ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കണം; എക്സ്-സർവീസ്മെൻ അസോസിയേഷൻ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളിൽ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യം. കർണാടക എക്‌സ് സർവീസ്‌മെൻ അസോസിയേഷനാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഗഡാഗ് ഡെപ്യൂട്ടി കമ്മീഷണർക്ക് അസോസിയേഷൻ മെമ്മോറാണ്ടം സമർപ്പിച്ചു.
രാജ്യത്തെ സൈനികർക്കും വിമുക്തഭടന്മാർക്കും നൽകുന്ന മദ്യക്കുപ്പികൾ കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ്റെ ആവശ്യം. രാജ്യത്തുടനീളമുള്ള സൈനിക കാന്റീനുകളിൽ മാത്രമാണ് സൈനികർക്ക് കുറഞ്ഞ നിരക്കിൽ മദ്യക്കുപ്പികൾ വിതരണം ചെയ്യുന്നത്. മുമ്പ് ഇവ ബസുകളിൽ കയറ്റി അയക്കുമായിരുന്നു. എന്നാൽ ചില കണ്ടക്ടർമാർ കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
“കശ്മീരിൽ നിന്നും കന്യാകുമാരിയിൽ നിന്നും വരുമ്പോൾ ഞങ്ങൾ മദ്യക്കുപ്പികൾ കൊണ്ടുവരുമായിരുന്നു. ബസുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും മദ്യക്കുപ്പികളുമായി ഔദ്യോഗിക ബില്ല് കാണിച്ച് യാത്ര ചെയ്തിട്ടുണ്ട്. സൈനികരാരും നിയമം ലംഘിച്ചിട്ടില്ല, ഞങ്ങൾ അങ്ങേയറ്റം അച്ചടക്കമുള്ളവരാണ്. മദ്യം നമ്മുടെ സ്വകാര്യ ആവശ്യത്തിനായാണ് കൊണ്ടുപോകുന്നത്, യാത്ര ചെയ്യുന്ന ബസുകളിൽ അത് ഉപയോഗിക്കാറില്ല.” – റിപ്പബ്ലിക് ടിവിയോട് സംസാരിക്കവെ മുൻ സൈനികനായ രാജണ്ണ പറഞ്ഞു.