ദേശീയം
പാക് സൈന്യവുമായി ബന്ധം? സീമ ഹൈദറിനെ യുപി എടിഎസ് ചോദ്യം ചെയ്തു
കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഗ്രേറ്റർ നോയിഡയിൽ കാമുകൻ സച്ചിനൊപ്പം കഴിയുന്ന സീമ ഹൈദറിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് യുവതി സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
കാമുകൻ സച്ചിന്റെ വീട്ടിൽ വെച്ച് മഫ്തിയിൽ എത്തിയ പൊലീസ് സംഘമാണ് സീമ ഹൈദറിനെ ചോദ്യം ചെയ്തത്. തന്റെ സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും ‘റിപ്പബ്ലിക്ക് ടിവി’ റിപ്പോർട്ട് ചെയ്യുന്നു. സീമ ഹൈദറിനെയും കാമുകൻ സച്ചിനെയും പിതാവിനെയും എ.ടി.എസ് ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്.
അതേസമയം ദമ്പതികൾ അവതരിപ്പിച്ച വസ്തുതകൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് നോയിഡ പൊലീസും. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ പാകിസ്താൻ സ്വദേശിയായ സീമ ഹൈദർ നേപ്പാൾ അതിർത്തിയിലൂടെയാണ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചത്. PUBG എന്ന ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും സീമ പറയുന്നു.
ജൂലൈ 4 ന് 30 കാരിയായ യുവതിയെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതയായത് മുതൽ സച്ചിനൊപ്പമാണ് യുവതി കഴിയുന്നത്. യുവതിയെ തിരിച്ചയക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. സംഭവം വലിയ വിവാദങ്ങൾക്കും വഴിതുറന്നു.