കേരളം
ചോദ്യം ചെയ്യൽ ഒന്‍പതര മണിക്കൂര്‍; സിഎം രവീന്ദ്രന്‍ ഇഡി ഓഫീസില്‍ നിന്ന് മടങ്ങി
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിവരെ നീണ്ടു. ഇഡി ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതിരിക്കാന്‍ രവീന്ദ്രന്‍ തയ്യാറായില്ല.കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.
തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കുകയായിരുന്നു. കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോള്‍ നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ്ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.
ലൈഫ് മിഷന്‍ കരാറില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലായിരുന്നു വാട്സ്ആപ്പ് ചാറ്റുകള്‍.
കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്.