ദേശീയം
ലക്ഷദ്വീപിൽ രോഗികളെ മാറ്റാന്‍ അനുമതിയും രേഖകളും ഹാജരാക്കണം; വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്ട്രേഷന്‍
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുമായി ദ്വീപ് അഡ്മിനിസ്ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
രേഖകളും ഹാജരാക്കണം. നേരത്തെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു. അതേസമയം കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകിയിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമർശനം.
നിലവിൽ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയും ഇന്‍റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സമിതികളിൽ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു.
ഈ സമിതികളെ നേരത്തെതന്നെ ഇല്ലാതാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷൻ ബോർഡ് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇതിൽ സ്വദേശികളോ, ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം സ്വന്തക്കാരെ വിവിധ സർക്കാർ സർവ്വീസുകളിൽ നിയമിക്കുന്നതിന്‍റെ ഭാഗമായ നടപടിയെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.