കേരളം
കെടിയുവിലും ആർത്തവ അവധി, സര്‍വ്വകലാശാലക്ക് കീഴിലെ എല്ലാ കോളജിലും ആർത്തവാവധി അനുവദിക്കും
സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ആർത്തവാവധി. സര്‍വകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലുംആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് തീരുമാനിച്ചു. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് താരുമാനം.
കേരളത്തിലാദ്യമായി കുസാറ്റ് സര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഈ മാതൃകയാകും കെടിയുവും പിന്തുടരുക.