കേരളം
കെ റെയിൽ – പരിസ്ഥിതി ആഘാത പഠനം നടത്തണം; യൂസി
പ്രളയങ്ങളാവര്‍ത്തിക്കപ്പെടുന്ന കേരളത്തിൽ പരിസ്ഥിതി ലോല മേഖലയിലൂടെ കടന്നുപോകുന്ന, നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുകയും നദികളുടെ ഒഴിക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്ന കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസിയെകൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് യൂണിവേഴ്സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ (യൂസി) എറണാകുളത്ത് വെച്ച് ചേർന്ന സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജൂബി എം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂസി സംസ്ഥാന ഭാരവാഹികളായി ജൂബി എം വർഗീസ് (പ്രസിഡന്റ്), ബേബി വൈ കിരീടത്തിൽ (ജനറൽ സെക്രട്ടറി), ഷിനാജുദ്ധീൻ എ പി (ട്രഷറർ), രാജു പള്ളിപ്പറമ്പിൽ, രാജേഷ് വി ആർ, സണ്ണി എ ജെ (വൈസ് പ്രസിഡന്റുമാർ), ജെൻസി യോഹന്നാൻ, കെ ആർ സുനിൽകുമാർ, സോളമൻ സി ജെ, ഷാജഹാൻ പ്ലാമൂട്ടിൽ (സെക്രട്ടറിമാർ), ഐ റ്റി വിംഗ് കോർഡിനേറ്റർ അനൂപ് കുമാർ ജെ ആർ എന്നിവരെ തിരഞ്ഞെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്‌പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് മൂന്ന്- മൂന്നര മണിക്കൂറുകൊണ്ട് എത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്നതാണ് കെ റെയിലെന്നാണ് പ്രധാന ആരോപണം.
ഈ വന്‍കിട പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങുന്നതോടെ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം ലക്ഷക്കണക്കിന് വരും. 20,000 കുടുംബങ്ങള്‍ക്കായി ആകെ 11,537 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നീക്കിവെച്ചിട്ടുള്ളത്. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ചായാലും ഇരകള്‍ ദുരിതത്തിലാവും. അതുകൊണ്ടു തന്നെയാണ് 11 ജില്ലകളിലും ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതി സ്നേഹികളും സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.