കേരളം
കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 25 മുതൽ ആരംഭിക്കുന്ന വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രമസമാധാനപാലനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഡിസംബർ അഞ്ചു മുതൽ ജാതി വിവേചനത്തിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥികളുടെ സമരം ഇവിടെ നടന്നുവരികയാണ്. വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി.) രംഗത്തെത്തിയിരുന്നു. കലാലയത്തിലെ അനീതികൾക്കും ജാതി വിവേചനത്തിനുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഡബ്ല്യൂ.സി.സി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘സിനിമ പഠിക്കുമ്പോഴും സിനിമയിൽ പ്രവർത്തിക്കുമ്പോഴും സർഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങൾ നിഷേധിക്കൽ, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുന്ന ഇടങ്ങൾ ‘സിനിമ’ എന്ന സമഗ്രമായ കലയുടെയും അതിൽ പങ്കുകൊള്ളുന്നവരുടെയും വളർച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവർക്കുമറിയാം. ഈ അറിവിൽ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യ ബോധത്തോടെ, അനീതികൾക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും വിമൻ ഇൻ സിനിമാ കളക്ടീവ് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു’, ഡബ്ല്യൂ.സി.സി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.