കേരളം
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് ഇന്ന് (ജനുവരി 6) അവധി. സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 458 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതും 453 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമാണ്.
448 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 439 പോയിന്റുമായി തൃശൂരും 427 പോയിന്റുമായി എറണാകുളം ജില്ലയും തൊട്ടുപിന്നിലുണ്ട്. ജനപ്രിയ ഗ്രൂപ്പ് ഇനങ്ങളായ ദഫ് മുട്ട്, അറബന മുട്ട്, തിരുവാതിര, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വിഭാഗം ഒപ്പന ഉൾപ്പെടെയുള്ള ഇനങ്ങളാണ് മൂന്നാം ദിനമായ ഇന്ന് വേദികളിൽ നടന്നത്. ആകെ 56 ഇനങ്ങളാണ് ഇന്ന് നടക്കുന്നത്.
അതേസമയം കലോത്സവ നഗരിയിലെ ചില സംഭവങ്ങൾ വിവാദമാകുകയും ചെയ്യുന്നുണ്ട്. സ്‌കൂൾ കലോത്സവത്തിന് നോൺ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിവാദം. വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സർക്കാർ നൽകുന്ന മെനു അനുസരിച്ചാണ് വെജിറ്റേറിയൻ നൽകുന്നതെന്നുമായിരുന്നു പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രതികരണം.
കലോത്സവത്തിന് മാംസാഹാരം നൽകാൻ സർക്കാർ തയാറാണെന്ന് വിവാദങ്ങളോട് പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കലോത്സവം അവസാനിക്കാൻ ഇനി ആകെയുള്ളത് രണ്ട് ദിവസം മാത്രമാണ്. മാംസാഹാരം നൽകുന്ന കാര്യം സർക്കാർ പരിശോധിക്കും. അടുത്ത വർഷം മുതൽ ഉറപ്പായും നോൺവെജ് ഭക്ഷണം ഉണ്ടാകുമെന്ന് വി ശിവൻകുട്ടി ട്വന്റിഫോറിനോട് വ്യക്തമാക്കി.