കേരളം
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴ സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കാലവർഷത്തിന് മുന്നോടിയായി കാറ്റിന്‍റെ ഗതി അനുകൂലമാകുന്നുണ്ട്. ഇതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
അതേസമയം, അടുത്ത മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.