കേരളം
എച്ച്എൽഎൽ ലേലത്തിൽ പങ്കെടുക്കും; താത്പര്യപത്രം നൽകി
എച്ച് എൽ എൽ ലേലത്തിൽ കേരളം പങ്കെടുക്കും, കെഎസ്ഐഡിസി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപത്രം നൽകി. കേരളത്തിലുള്ള എച്എൽഎൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. നേരത്തെ കേരളത്തിന് കമ്പനിക്ക് വേണ്ടിയുള്ള ലേലത്തൽ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തിൽ പങ്കെടുക്കുന്നത്.
പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എച്ച്എൽഎൽ വിൽക്കുന്നത്. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിർപ്പറിയിച്ചിരുന്നു.
രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്.
എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ആസ്ഥാനം കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എൽഎല്ലിന്‍റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്.