കേരളം
പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് കേരളം; നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിൽ
ഒരു ഘട്ടത്തിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയാണ്. അതേസമയത്താണ് കേരളത്തിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം ആറായിരത്തിന് മുകളിൽ നിൽക്കുന്നത്.
ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം നാലാമതാണ്. മഹാരാഷ്ട്ര -20,03,657, കർണാടക -9,34,576, ആന്ധ്രാപ്രദേശ് -8,86,694 സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുളളത്. വെള്ളിയാഴ്ച കേരളത്തിലിത് 8,77,282 ആണ്.
കേരളത്തിൽ നേരത്തേ പരിശോധനയ്ക്ക് വിധേയരാകുന്നതിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ഒമ്പതുശമാനത്തിൽ താഴെയായിരുന്നു. എന്നാൽ കഴിഞ്ഞ വെളളിയാഴ്ച ഇത് 11.63 ശതമാനമായി ഉയർന്നു. സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയർന്ന ജനസാന്ദ്രതയുമാണ് രോഗവ്യാപന സാദ്ധ്യത ഉയർത്തുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സമ്പർക്കത്തിലൂടെയുളള രോഗബാധിതരുടെ എണ്ണം കൂടാൻ ഇതാണ് പ്രധാനകാരണം. കൊവിഡ് മുൻകരുതലുകളിൽ നിന്ന് ജനം പിന്നാക്കംപോയതും രോഗവ്യാപനതോത് ഉയരുന്നതിന് ഇടയാക്കുന്നുണ്ട്.പലരും മാസ്ക് ധരിക്കുന്നണ്ടെങ്കിലും അത് ശരിയായ രീതിയിലല്ല. സാമൂഹ്യ അകലം പലയിടങ്ങളിലും പേരിനുപോലും ഇല്ല. കെ എസ് ആർ ടി സി ബസുകളിൽ ഉൾപ്പടെ കൊവിഡിന് മുന്നെന്നതുപോലെ യാത്രക്കാരെ കുത്തിനിറച്ചാണ് പോകുന്നത്. കല്യാണങ്ങൾക്കും മരണങ്ങൾക്കുമാെക്കെ അനുവദനീയമായതിനെക്കാൾ കൂടുതൽ പേർ എത്തുന്നുണ്ട്.
സംസ്ഥാനത്ത് രോഗമുക്തരാവുന്നവരുടെ നിരക്ക് ഉയരുന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഇപ്പോൾ 91.54 ശതമാനമാണ് രോഗമുക്തിനിരക്ക്. മരണനിരക്ക് 0.41 ശതമാനമാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേർ മരിച്ചപ്പോൾ കേരളത്തിൽ 3565 പേർക്കാണ് ജീവൻ നഷ്ടമായത്.