കേരളം
പ്രിയ വർഗീസിന് നിയമന ഉത്തരവ്,15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണം
ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ജൂണ്‍ 22ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
അതിന് പിന്നാലെ സര്‍വകലാശാല ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്.
അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.