കേരളം
കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു
കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു. യുഡിഎഫ് തീരുമാനപ്രകാരം മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് കൈമാറുന്നതിനാണ് രാജി. ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് മേയര്‍ സ്ഥാനം കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറായത്. അതേസമയം അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.
മേയര്‍ സ്ഥാനം പങ്കിടാമെന്ന മുന്‍ധാരണയില്‍ നിന്നും കോണ്‍ഗ്രസ് പിന്നോക്കം പോയതോടെ ലീഗ് കടുത്ത സമര്‍ദ്ദവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രതിനിധിയായ മേയര്‍ ടി ഒ മോഹനന്‍ രാജി വെച്ചത്. ബാക്കിയുള്ള രണ്ട് വര്‍ഷം മുസ്ലീം ലീഗ് പ്രതിനിധി മേയറാകും. വാര്‍ത്താസമ്മേളനം വിളിച്ചാണ് ടി ഒ മോഹനന്‍ രാജി പ്രഖ്യാപിച്ചത്. സ്വന്തം പാളയത്തിനകത്ത് തന്നെയാണ് തുടക്കം മുതല്‍ തനിക്കെതിരെ നീക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജിക്ക് മുമ്പുള്ള അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മേയര്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നായിരുന്നു ആരോപണം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ മേയര്‍ ആരായിരിക്കുമെന്ന് മുസ്ലീം ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.