കേരളം
പ്രിയ സംവിധായകന് അന്ത്യാഞ്ജലി അർപ്പിച്ച് കലാകേരളം
സംവിധായകൻ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് കലാകേരളം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോൾ വീട്ടിലാണ് പൊതുദർശനം നടക്കുന്നത്. ഇവിടെ നിന്നും വൈകിട്ട് 6 ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. ഏറെക്കാലമായി കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധയുണ്ടായി. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളും സമൂഹമാധ്യമങ്ങൾ വഴി സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു.
നാടക സംഘങ്ങളിലൂടെയാണ് സിദ്ദിഖ് കലാരംഗത്തേക്ക് വന്നത്. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ തിളങ്ങി. ആ കാലം മുതലുള്ള സുഹൃത്ത് ലാലിനൊപ്പം പിന്നീട് ചലച്ചിത്ര സംവിധായകനായി അരങ്ങേറി. തിരക്കഥാകൃത്ത് എന്ന നിലയിലാണ് ലാലും സിദ്ദിഖും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സംവിധായകൻ ഫാസിലിന്റെ സഹായിയായി ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്നു. സംവിധായകര്‍ എന്ന നിലയില്‍ സിദ്ദിഖ് – ലാൽ കോമ്പോയുടെ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.
തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘ഇൻ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി സിദ്ദിഖും ലാലും മാറി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ച ശേഷം സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരിക്കുന്ന നില വന്നു. ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ തുടങ്ങി ഇവരുടെ മികവിൽ വീണ്ടും ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
കൂട്ടുകെട്ട് പിരിഞ്ഞ ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലര്‍’, മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ എന്നീ ചിത്രങ്ങളും സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്ത് വന്നു. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ദിഖ് നടനായും വെള്ളിത്തിരയിലെത്തിയിരുന്നു.