കേരളം
കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്
എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.
പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോൾ. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. “എന്‍റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എൻറെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം”, എന്നാണ് മേജര്‍ രവി കുറിച്ചത്. “ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട” എന്നാണ് ദിലീപ് കുറിച്ചത്.