കേരളം
വ്യാജരേഖ; വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ
ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് .
വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൽ കേരള പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം പൊലീസ് തേടി. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കൾ വീടിന്റെ താക്കോൽ പോലീസിനു നൽകി. ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.