കേരളം
കെ ഫോൺ സൗജന്യ കണക്ഷൻ നടപടികൾ ഇഴയുന്നു; ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളിൽ മാത്രം
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷൻ നടപടികൾ ഇഴയുന്നു. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിൽ ഇതുവരെ ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളിൽ മാത്രമാണ്. ഡാര്‍ക്ക് കേബിൾ, ടെലിക്കോം കമ്പനികൾക്ക് വാടകക്ക് ലഭ്യമാക്കാനുള്ള നിരക്ക് നിശ്ചയിച്ചതിൽ സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കുന്നുവെന്ന ആക്ഷപവും ശക്തമാണ്.
ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷനത്രയും ഒരുമാസത്തിനകം കൊടുത്ത് തീര്‍ക്കുമെന്നായിരുന്നു കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനം. ലിസ്റ്റ് പോലും പൂര്ണ്ണമല്ലെന്നിരിക്കെ ആകെ നൽകിയ കണക്ഷൻ 3100 വീടുകൾക്ക് മുകളിൽ പോകില്ലെന്നാണ് കേരളാ വിഷൻ്റെ ഇന്നലെ വരെയുള്ള കണക്ക്. പ്രധാന ലൈനിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് കേബിൾ വലിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങൾ ചില്ലറയല്ലെന്നാണ് വിശദീകരണം. തദ്ദേശ വകുപ്പ് നൽകിയ ലിസ്റ്റ് പ്രകാരം വ്യക്തി വിവരങ്ങളിലെ പൊരുത്തക്കേട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്. അടുത്തൊന്നും തീരുന്ന നടപടിയല്ല, 20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനവും ഇതോടെ പെരുവഴിയിലായി. 30000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള കണക്ഷനും 17832 ൽ നിന്ന് മുന്നോട്ട് പോയിട്ടില്ല.
ആറ് മാസത്തെ കാലാവധിയിൽ 299 രൂപയിൽ തുടങ്ങി 5000 രൂപവരെയുള്ള 9 പ്ലാനുകൾ പുറത്ത് വിട്ടതോടെ ഗാര്‍ഹിക കണക്ഷൻ ആവശ്യപ്പെട്ട് 85000 ഓളം അപേക്ഷകൾ കിട്ടിയിട്ടുണ്ടെന്നാണ് കെ ഫോൺ വിശദീകരിക്കുന്നത്. പ്രാദേശിക ഓപ്പറേറ്റര്‍മാരെ കണ്ടെത്തി ഓഗസ്റ്റ് 15 ഓടെ ഗാര്‍ഹിക കണക്ഷൻ നൽകി തുടങ്ങുമെന്നാണ് അവകാശവാദം. ഇതിനിടെയാണ് വാണിജ്യ താൽപര്യം മുൻ നിര്‍ത്തി ഡാര്‍ക്ക് കേബിൾ വാടക്ക് നൽകാനുള്ള താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചത്. 7624 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാടകക്ക് നൽകാൻ തീരുമാനിച്ചതിൽ ഒപിജിഡബ്ലിയു കേബിൾ കിലോമീറ്ററിന് 11825 രൂപയും എഡിഎസ്എസിന് 6000 രൂപയുമാണ് വാര്‍ഷിക വാടക ഈടാക്കുക. ഇതിൽ നിശ്ചിത ശതമാനം എംഎസ്പിയായ എസ്ആര്‍ഐടിക്ക് കിട്ടും വിധമാണ് കരാര്‍.