കേരളം
കുട്ടികര്‍ഷകര്‍ക്ക് താങ്ങായി ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും
ഇടുക്കിയിലെ കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തത്. കുട്ടിക്കർഷകരായ ജോർജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണിത്.
18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. 5 പശുക്കളെ സൗജന്യമായി നൽകും. പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്.
തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികള്‍ക്ക് കപ്പയുടെ തൊലി തീറ്റയായി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ അവ തൊഴുത്തില്‍ തളര്‍ന്നു വീണു. പരവേശം കാണിച്ച അവയെ തൊഴുത്തില്‍ നിന്നും അഴിച്ചുവിട്ടു. ഇറങ്ങിയോടിയ കന്നുകാലികള്‍ റബര്‍ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴിത്തിലുമായി ചത്തുവീണു. ആറ് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മണ്ണുമാന്തിയന്ത്രമുപയോഗിച്ചെടുത്ത രണ്ടു കുഴികളിലായി ഇവയെ മറവ് ചെയ്തു.
വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തില്‍ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികള്‍ക്ക് പതിവായി നല്‍കിയിരുന്നത്. സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളില്‍ സര്‍വസാധാരണമാണ് കപ്പ അഥവാ മരച്ചീനി. ഇതിന്റെ ഇല,തണ്ട് ,കായ,കിഴങ്ങ് എന്നിവയിലെല്ലാം സയനൈഡിന്റെ അംശമുണ്ട്. 100ഗ്രാം പച്ചിലയില്‍ 180മില്ലിഗ്രാം സയനൈഡ് , ഹൈഡ്രോ സയനിക് ആസിഡ് രൂപത്തില്‍ അടങ്ങിയിട്ടുണ്ട്. 500–600കിലോ ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാന്‍ വെറും 300–400 മില്ലിഗ്രാം സയനൈഡ് മതിയാകും.