ദേശീയം
ജയലളിതയുടെ വീട് ഇനി അനന്തരവൾക്ക് സ്വന്തം; താക്കോൽ കൈമാറി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ ആഡംബര വസതി ഇനി അവരുടെ അനന്തരവൾ ദീപ ജയകുമാറിന് സ്വന്തം. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി അനന്തരവൾ സ്വന്തമാക്കിയത്. വസതിയുടെ താക്കോൽ വെള്ളിയാഴ്ച ഔദ്യോഗികമായി കൈമാറി.
ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ഏറ്റെടുത്ത് മ്യൂസിയം ആക്കുന്നതിനുള്ള ശ്രമങ്ങൾ തമിഴ്നാട് സർക്കാർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപ നിയമ പോരാട്ടവുമായി മുന്നോട്ടു പോയത്. ഒടുവിൽ വസതി മ്യൂസിയം ആക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് നവംബർ 24ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ചെന്നൈ കലക്ടർ ജെ വിജയ റാണി വസതിയുടെ താക്കോൽ ഔദ്യോഗികമായി അവകാശികൾക്ക് കൈമാറുകയായിരുന്നു. ജയലളിത ഇല്ലാത്ത വീട്ടിലേക്ക് എത്തുന്നത് ഇതാദ്യമായിട്ടാണ്. വീട് ശൂന്യമായിക്കിടക്കുകയാണ്. അവർ ഉപയോഗിച്ച ഉപകരണങ്ങളൊക്കെ മാറ്റപ്പെട്ടുവെന്ന് ദീപ വ്യക്തമാക്കി.