ദേശീയം
‘പേരിലല്ല, കർമത്തിലാണ് കാര്യം’; നെഹ്റു മ്യൂസിയത്തിന്റെ പേര് മാറ്റത്തിൽ രാഹുൽ ഗാന്ധി
നെഹ്റു മ്യൂസിയത്തിന്റെ പുനർനാമകരണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർമങ്ങളിലൂടെയാണ് നെഹ്റു അറിയപ്പെടുന്നത്. പേരിൽ മാത്രമല്ലെന്നും കോൺഗ്രസ് എംപി. അതേസമയം രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ലഡാക്കിലേക്ക് പുറപ്പെട്ടു.
“നെഹ്‌റു ജിയുടെ ഐഡന്റിറ്റി അദ്ദേഹത്തിന്റെ പ്രവൃത്തികളാണ്, അദ്ദേഹത്തിന്റെ പേരല്ല” ലഡാക്കിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് പുനർനാമകരണം ചെയ്തത്. പേരു മാറ്റാനുള്ള തീരുമാനം ജൂണിലാണ് സർക്കാർ കൈക്കൊണ്ടത്.
നെഹ്റുവിന്‍റെ മാത്രമല്ല, എല്ലാ പ്രധാനമന്ത്രിമരുടെയും സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശം പരിഗണിച്ചാണ് നവീകരിച്ചതെന്ന് പിഎംഎംഎല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍. സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയാണ്.
ലഡാക്കിൽ ഇന്നും നാളെയുമായി രണ്ട് ദിവസത്തെ പര്യടനം രാഹുൽ ഗാന്ധി നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ പല പരിപാടികളിലും പങ്കെടുക്കും. എന്നാൽ, അദ്ദേഹത്തിന്റെ പരിപാടികളൊന്നും പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രാഹുൽ സെപ്റ്റംബർ രണ്ടാം വാരം മുതൽ യൂറോപ്പ് പര്യടനം നടത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബെൽജിയം, നോർവേ, ഫ്രാൻസ് എന്നീ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ സന്ദർശനം.
ഇതിനിടയിൽ യൂറോപ്യൻ യൂണിയൻ എംപിമാർ, ഇന്ത്യൻ പ്രവാസികൾ, സർവകലാശാലാ വിദ്യാർഥികൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.