ദേശീയം
ഐടി ചട്ടങ്ങള്‍: ട്വിറ്ററിന്റെ ആവശ്യം തള്ളി; രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി
ഐടി ചട്ടങ്ങള്‍ പാലിക്കാത്തതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി. ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്നും കോടതി വ്യക്തമാക്കി.
പരാതി പരിഹരിക്കുന്നത് ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എട്ടാഴ്ച സമയം വേണ്ടിവരുമെന്ന് ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്യോഗസ്ഥരെ നിയമിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ 28ലേക്ക് മാറ്റി. ഫെബ്രുവരി 25നാണ് പുതിയ ഐടി നിയമങ്ങളുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അവ നടപ്പാക്കാന്‍ മൂന്നുമാസത്തെ സമയം നല്‍കിയിരുന്നതായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയില്‍ പറഞ്ഞു.
ട്വിറ്റര്‍ ഐടി നിയമങ്ങള്‍ പാലിച്ചില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ട്വിറ്ററിന് എതിരെ പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണവും രംഗത്തുവന്നിരുന്നു. രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമെന്നും ഏവരും അത് അനുസരിച്ചേ തീരൂവെന്നും അദ്ദേഹം പറഞ്ഞു