ദേശീയം
സേവനം തടസപ്പെട്ടതിന്റെ കാരണം അറിയിക്കണം; വാട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം
സേവനം തടസപ്പെടാൻ ഇടയാക്കിയ കാരണം അറിയിക്കാൻ വാട്ട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ സേവനങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് സേവനം തടസപ്പെട്ടത് എന്ന് കമ്പനി പിന്നീട് അറിയിച്ചു. സൈബർ ആക്രമണമാണോ സേവനം തടസപ്പെടുന്നതിലേക്ക് എത്തിയത് എന്നാണ് ഐടി മന്ത്രാലയം പരിശോധിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനാണ് (CERT-IN) മെറ്റ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
രണ്ടു മണിവരെ വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറാണിത് എന്നാണ് റിപ്പോർട്ടുകൾ. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്ട്‌സ്ആപ്പ് വെബ്ബും ലഭ്യമായിരുന്നില്ല.