ദേശീയം
ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം
ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉൾപ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിന് ഡോളർ വിദേശ നാണ്യം ഇതുവഴി നേടാൻ കഴിയുമെന്നാണ് രാജ്യത്തിന്റെ പ്രതിക്ഷ.
രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയുമായി പിഎസ്എൽവി-സി 51 വിക്ഷേപണ വാഹനം കുതിച്ചുയർന്നു. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന സതീഷ് ധവാൻ സാറ്റ് (എസ് ഡി സാറ്റ്) എന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകർപ്പും ഭ്രമണപഥത്തിലെത്തിച്ചു. പണം വാങ്ങി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു നൽകുന്ന ഏജൻസിയെന്ന ഗണത്തിലേക്ക് കൂടിയാണ് ഇതോടെ ഐഎസ്ആർഒ ഉയർന്നത്.
ബ്രസീൽ തദ്ദേശിയമായി നിർമിച്ച ഒപ്റ്റിക്കൽ റിമോട്ട് സെൻസിങ് ഉപഗ്രഹമാണ് ആമസോണിയ 1 . ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് 637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ1 ഉപഗ്രത്തിന്റെ പ്രധാന ലക്ഷ്യം. ആമസോണിയക്ക് ഒപ്പം 18 ചെറു ഉപഗ്രഹങ്ങളാണ് ഉള്ളത്.
വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള 25.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ശനിയാഴ്ച രാവിലെ 8.54ന് തുടങ്ങിയിരുന്നു. ഇതുവരെ ഇന്ത്യൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്ത് നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ ഐഎസ്ആർഒ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്.