ദേശീയം
രാജ്യത്ത് പുതിയ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വരുന്നു
രാജ്യത്ത് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ ഘടന മാറുന്നു. നിലവില്‍ എത്ര സിസിയുടെ വാഹനമാണ്, പഴക്കം തുടങ്ങിയവ കണക്കാക്കിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്നത്. വാഹനത്തിന്റെ ഉപയോഗം, വാഹനം ഓടിക്കുന്ന രീതി തുടങ്ങിയ ഓപ്ഷനുകള്‍ കൂടി പോളിസിയില്‍ ഉള്‍പ്പെടുത്തി പ്രീമിയം തുക നിശ്ചയിക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് രംഗത്തെ നിയന്ത്രണ സംവിധാനമായ ഐആര്‍ഡിഎ അനുമതി നല്‍കി.
കാലത്തിന് അനുസരിച്ചുള്ള മാറ്റം ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഐആര്‍ഡിഎയുടെ തീരുമാനം. പോളിസി ഉടമയുടെ താത്പര്യം സംരക്ഷിക്കുന്നതിനും ഇന്‍ഷുറന്‍സ് മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പരിഷ്‌കരണമെന്ന് ഐആര്‍ഡിഎ വ്യക്തമാക്കി. വാഹന ഉടമകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ക്കാണ് രൂപം നല്‍കിയത്.
ഈ മൂന്ന് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയുള്ള പോളിസികള്‍ മുന്നോട്ടുവെയ്ക്കാനാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ അനുമതി നല്‍കിയത്. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്നതാണ് ഒന്നാമത്തെ ഓപ്ഷന്‍. കൂടുതല്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് റിസ്‌ക് കൂടുതലാണ്. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന പ്രീമിയം തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ രീതി. ഉപയോഗം കുറവുള്ളവരുടെ പ്രീമിയം കുറവായിരിക്കും.
പ്രീമിയം നിശ്ചയിക്കാന്‍ വാഹനം ഓടിക്കുന്ന രീതിയെ അടിസ്ഥാനമാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് വാഹനം ഓടിച്ച് കൂടുതല്‍ പിഴ ലഭിച്ചവരുടെ പ്രീമിയം തുക ഉയരും. ഇവിടെയും റിസ്‌കാണ് അടിസ്ഥാനമാക്കുന്നത്. സുരക്ഷിതമായി വാഹനം ഓടിക്കുന്നവരുടെ പ്രീമിയം കുറവായിരിക്കും.
നിലവില്‍ ഒന്നിലധികം വാഹനം ഉള്ളവര്‍ പ്രത്യേകമായി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണം. ഇതിന് പകരമായി ഒന്നിലധികം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് ഒറ്റ പോളിസി എന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍. ഒന്നിലധികം വാഹനം ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. എന്നാല്‍ പ്രീമിയം തുക അല്‍പ്പം കൂടുതലായിരിക്കുമെന്ന്് വിദഗ്ധര്‍ പറയുന്നു.