Covid 19
കോവിഡ് മുക്തി നേടിയവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ഇടവേള ആറു മുതല്‍ ഒന്‍പതു മാസം വരെയായി വര്‍ദ്ധിപ്പിക്കണം; നിർദേശവുമായി വിദഗ്ധ സമിതി
കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ഇടവേള ആറു മുതല്‍ ഒന്‍പതു മാസം വരെയായി വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍(എന്‍ടിഎജിഐ) ആണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നേരത്തെ ആറു മാസത്തെ ഇടവേളയായിരുന്നു നിര്‍ദേശിച്ചിരുന്നത്.
അതേസമയം കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിക്കുന്ന ഇടവേള 12 മുതല്‍ 16 ആഴ്ചയായി വര്‍ദ്ധിപ്പിക്കണമെന്ന് നേരത്തെ സര്‍ക്കാരിന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍ടിഎജിഐ കോവിഡ് മുക്തരായവര്‍ക്ക് വാക്സിന് നല്‍കുന്നതിന്റെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. -പത്മശ്രീ ജേതാവും IMA മുന്‍ പ്രസിഡന്റുമായ ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചു
ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും വാക്സിനേഷന് യോഗ്യരാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് കോവിഡ് സ്ഥിരീകരിച്ചവര്‍ രോഗമുക്തി നേടി കഴിഞ്ഞ് നാലു മുതല്‍ എട്ടു ആഴ്ച വരെ അടുത്ത ഡോസിനായി കാത്തിരിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധ സമിതി പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.