ദേശീയം
ഒളിംപിക്‌സ് ഇന്ത്യയിലേക്കോ; 40 വര്‍ഷത്തിനു ശേഷം ഐഒസി സെഷന്‍ മുംബൈയില്‍
2023ലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനം മുംബൈയില്‍ നടക്കുമെന്ന് റിപ്പോർട്ട്. 1983ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ സെഷന്‍ നടക്കുന്നത്. ബെയ്ജിങ് വേദിയാവുന്ന ശൈത്യകാല ഒളിംപിക്‌സിന് ഇടയില്‍ ചേര്‍ന്ന ഐഒസിയുടെ 139ാം സെഷനാണ് അടുത്ത സെഷന്റെ വേദിയായി മുംബൈ തെരഞ്ഞെടുത്തത്.
99 ശതമാനം വോട്ടോടെയാണ് മുംബൈ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന മുന്നേറ്റമാണ് ഉണ്ടായത് എന്നും ഇന്ത്യന്‍ കായിക മേഖലയില്‍ പുതിയ യുഗത്തിന് തുടക്കമാവുകയാണെന്നും ഇന്ത്യയില്‍ നിന്നും ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധിയായ നിതാ അംബാനി പറഞ്ഞു.
2023 മെയ്-ജൂണ്‍ മാസങ്ങളിലായിരിക്കും മുംബൈ വേദിയാവുന്ന സെഷന്‍. പുതിയതായി നിര്‍മിച്ച ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സെഷന്‍ നടത്തുക. ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗമാണ് ഐഒസി സെഷന്‍. ഐഒസിയിലെ വോട്ടവകാശമുള്ള 101 അംഗങ്ങളും 45 ഹോണററി അംഗങ്ങളുമാണ് സെഷനില്‍ പങ്കെടുക്കുക.