ദേശീയം
രാജ്യത്ത് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷനുള്ള നടപടി ആരംഭിച്ച് ആരോഗ്യമന്ത്രാലയം
രാജ്യത്ത് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഉടനെ തന്നെ സാര്‍വത്രികമായി വാക്സിനേഷന്‍ നല്‍കുന്ന കാര്യം ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 60 ശതമാനവും ഈ സംസ്ഥാനത്താണ്. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധന, ട്രാക്കിങ്, ചികിത്സ എന്നിവ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മാത്രം 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും കോവിഡ് കേസുകളിലെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പഞ്ചാബിലെ പോസിറ്റിവിറ്റി നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പുതിയതായി 28,903 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. 24 മണിക്കൂറിനിടെ 188 പേര്‍ രോഗബാധിതരായി മരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വർധനയ്ക്ക് കാരണം. രാജ്യത്തെ കൊവിഡ് കേസുകളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്.
മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയാനായി കർശന നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിന് കത്തയച്ചു. ഇതിന് പുറമെ ദില്ലി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.