ദേശീയം
പാമോയിൽ കയറ്റുമതി വിലക്കി ഇന്തോനേഷ്യ; ഭക്ഷ്യ എണ്ണ വില ഉയരും, ഇന്ത്യയ്ക്ക് കടുത്ത പ്രതിസന്ധി
അടുത്ത ആഴ്ച മുതൽ പാമോയിൽ കയറ്റുമതി നിരോധിക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്തോനേഷ്യ ഇപ്പോൾ രാജ്യത്തെ ഭക്ഷണാവശ്യത്തിനുള്ള എണ്ണ നിർമിക്കാൻ ക്ഷാമം നേരിടുകയാണ്. ഇതേത്തുടർന്നാണ് എണ്ണ കയറ്റുമതിക്ക് വിലക്കേർപ്പെടുത്താൻ തീരുമാനം.
ലോകമെമ്പാടും പാമോയിൽ വില കുതുച്ചുയരുന്നത് മുതലെടുക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ഉൽപ്പാദകർ കയറ്റുമതിയിലേക്ക് തിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ മുതൽ ഇന്തോനേഷ്യ ഭക്ഷ്യഎണ്ണക്ക് ക്ഷാമം നേരിടുകയാണ്. “ഭക്ഷ്യ എണ്ണയും അത് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെയും കയറ്റുമതി സർക്കാർ നിരോധിക്കും.
രാജ്യത്ത് ഭക്ഷ്യ എണ്ണ മിതമായ നിരക്കിൽ സമൃദ്ധമായി ലഭിക്കും എന്ന ഉറപ്പാക്കാൻ ഈ നയം നടപ്പിലാക്കുന്നത് ഞാൻ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. നിരോധനത്തിന്റെ സമയപരിധി പിന്നീട് തീരുമാനിക്കും, ജോക്കോ വിഡോഡോ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയിൽ നിന്നാണ്. നിരോധനം ഏർപ്പെടുത്തുന്നതോടെ ഇന്ത്യയിലടക്കം ഭക്ഷ്യ എണ്ണയുടെ വില ഉയരാൻ സാധ്യതയുണ്ട്. യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലെ സൺഫ്ലവർ ഓയിൽ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണിൽ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു.