കേരളം
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ബിഗ് ഹിറ്റുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച താരത്തിന്റെ പിന്മാറ്റം.
ഇന്ത്യക്ക് വേണ്ടി രണ്ട് ലോക കിരീട നേട്ടങ്ങള്‍, സച്ചിനെ തോളിലേറ്റിയത് എന്നിവയെല്ലാമാണ് കരിയറിലെ തന്റെ മനോഹര നിമിഷങ്ങളെന്ന് പ്രസ്താവനയില്‍ യൂസഫ് പഠാന്‍ പറയുന്നു. ധോനിക്ക് കീഴിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ഷെയ്ന്‍ വോണിന് കീഴില്‍ ഐപിഎല്‍. ജേക്കബ് മാര്‍ട്ടിന് കീഴില്‍ രഞ്ജി ട്രോഫി…എന്നില്‍ വിശ്വാസം വെച്ച ഇവര്‍ക്കെല്ലാം നന്ദി പറയുന്നു.
രണ്ട് വട്ടം കൊല്‍ക്കത്തയ്ക്ക് വേണ്ടി കിരീടം ഉയര്‍ത്തുമ്പോള്‍ ഒപ്പം നിന്ന ഗൗതം ഗംഭീറിനും നന്ദി പറയുന്നു. എന്റെ സഹോദരനും, നട്ടെല്ലുമാണ് ഇര്‍ഫാന്‍ പഠാന്‍, എന്റെ എല്ലാ കയറ്റിറക്കങ്ങളിലും ഒപ്പമുണ്ടായി.ക്രിക്കറ്റില്‍ നിന്ന് ഒന്നിനും എന്നെ മാറ്റി നിര്‍ത്താനാവില്ല. ഇനിയും നിങ്ങെ എന്റര്‍ടെയ്ന്‍ ചെയ്ത് ഞാനുണ്ടാവും…യൂസഫ് പഠാന്‍ പറയുന്നു.
ഇന്ത്യക്ക് വേണ്ടി 57 ഏകദിനവും, 22 ടി20യും കളിച്ച താരമാണ്. ഏകദിനത്തില്‍ 810 റണ്‍സ് നേടിയ യൂസഫിന്റെ ഉയര്‍ന്ന സ്‌കോര്‍ 123 ആണ്. രണ്ട് വട്ടം സെഞ്ചുറി കണ്ടെത്തി. 33 വിക്കറ്റാണ് വീഴ്ത്തിയത്. ടി20യില്‍ 13 വിക്കറ്റും. 174 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 42 വിക്കറ്റ് നേടി. റണ്‍സ് 3204.