ദേശീയം
കൊവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ
രാജ്യത്ത് ഇതുവരെ 60 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ അടക്കമുള്ള കണക്കുകള്‍ പ്രകാരം 60,35,660 പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു. വെറും 24 ദിവസത്തിനുള്ളിലാണ് ഇത്രയും അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കാനായത്.
അമേരിക്കയില്‍ 26 ദിവസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചത്. യുകെ ഇതിന് വേണ്ടി 46 ദിവസവും എടുത്തു. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പ്രവര്‍ത്തകരുമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്.
രാജ്യത്ത് ഇതുവരെ വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പേര്‍ ഇതിനോടകം തന്നെ ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള ആളാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 0.0005 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.