ദേശീയം
ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും.ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. 3.8 ബില്യണ്‍ ഡോളറിന്‍റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു.
ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്. അതേ സമയം, ശ്രീലങ്കക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക് മറികടക്കുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു. ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ രണ്ടു ദിവസമായിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയാറായിട്ടില്ല. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് പ്രക്ഷോഭകരോട് സൈനിക മേധാവി അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയവർധനെ ലങ്കയുടെ താത്കാലിക പ്രസിഡൻ്റായി ഈ ആഴ്ച തന്നെ അധികാരമേൽക്കും.
പ്രധാനമന്ത്രിയും പ്രസിഡൻ്റും രാജി കത്ത് നൽകിയാൽ വെള്ളിയാഴ്‌ചയോ ശനിയാഴ്ചയോ പാർലമെൻ്റ് ചേർന്നേക്കും. സ്പീക്കർ മഹിന്ദ അബേയവർധനെ ഒരു മാസത്തേയ്ക്ക് താത്കാലിക പ്രസിഡൻ്റായി അധികാരമേൽക്കും. ഒരു മാസത്തിനു ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയും പുതിയ പ്രസിഡൻ്റിനേയും തെരഞ്ഞെടുക്കും എന്നുമാണു ഇപ്പോഴത്തെ ധാരണ. പുതിയ മന്ത്രിസഭയ്ക്ക് വഴിയൊരുക്കാനായി നിരവധി മന്ത്രിമാർ ഇന്ന് രാജിവച്ചു. രാജ്യത്ത് ഇന്ധന, പാചകവാതക വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.