ദേശീയം
ഭക്ഷ്യ പ്രതിസന്ധി; 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റി അയയ്ക്കാനുള്ള അനുമതി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. റഷ്യ – ഉക്രെയ്ൻ യുദ്ധം കാരണം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളുടെ അപേക്ഷയെ മാനിച്ചാണ് പുതിയ നടപടി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചു എന്നുതന്നെ പറയാം.
പിന്നീട് ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ ഇന്ത്യയിലായിരുന്നു മറ്റു രാജ്യങ്ങളുടെ പ്രതീക്ഷ. എന്നാൽ ആഭ്യന്തര വിപണിയിൽ വില റെക്കോർഡ് കടന്നതോടുകൂടി മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഇതോടെ ആഗോള വിപണിയിൽ വീണ്ടും വില ഉയർന്നു. ഇന്ത്യയോട് പല രാജ്യങ്ങളും ഗോതമ്പിനായി അഭ്യർത്ഥന നടത്തിയിരുന്നു. യുഎഇയും ഒമാനും ഈജിപ്തും എല്ലാം ഇതിലുൾപ്പെടും. ഭക്ഷ്യ പ്രതിസന്ധിയെ തുടർന്ന് പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടത്.
ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യമല്ലെങ്കിലും ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സൗഹൃദ രാജ്യങ്ങൾക്ക് ഗോതമ്പ് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ മാസം ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.അതേസമയം, ഇന്ത്യ നൽകുന്ന ഗോതമ്പ് വ്യാപാരത്തിനോ കയറ്റുമതിക്കോ ഉപയോഗിക്കാതെ ആഭ്യന്തര ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടതെന്ന നിർദേശം പാലിക്കപ്പെടും. ബംഗ്ലാദേശ്, ഒമാൻ, യുഎഇ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും വീണ്ടും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞു.