ദേശീയം
ഫേസ്ബുക്കും ഗൂഗ്ളും വാര്‍ത്തകള്‍ക്ക് പ്രതിഫലം നല്‍കാന്‍ ഇന്ത്യയിലും നിയമനിര്‍മാണം വേണം -സുശീല്‍ കുമാര്‍ മോദി
ആസ്ട്രേലിയയിലേതു പോലെ ഇന്ത്യയിലും ഫേസ്ബുക്, ഗൂഗ്ള്‍, യൂട്യൂബ് തുടങ്ങിയ ടെക് ഭീമന്മാര്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കുന്ന വിധം നിയമനിര്‍മാണം നടത്തണമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അച്ചടിമാധ്യമങ്ങളുടെയും ചാനലുകളുടെയും വാര്‍ത്തകള്‍ നിലവില്‍ ഇവര്‍ സൗജന്യമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. വിവരങ്ങള്‍ ശേഖരിക്കാനും യാഥാര്‍ഥ്യം പരിശോധിച്ച് സത്യസന്ധമായ വാര്‍ത്ത ജനങ്ങളിലെത്തിക്കാനും മറ്റുമായി വളരെയേറെ തുകയാണ് മാധ്യമസ്ഥാപനങ്ങള്‍ ചെലവിടുന്നത്.
പരസ്യമാണ് ഏറ്റവും വലിയ വരുമാന സ്രോതസ്. എന്നാല്‍, പരസ്യങ്ങള്‍ ഇപ്പോള്‍ ടെക് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
വാര്‍ത്തകള്‍ നല്‍കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ പണംനല്‍കണമെന്ന നിയമം കഴിഞ്ഞ മാസം ആസ്ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു.