Covid 19
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൊവിഡ്; 431 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. 431 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,43,928 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,303 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,25,60,474 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം സംസ്ഥാനത്തെ കൊവിഡിന്റെ വ്യാപന തോത് മനസിലാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം എൺപതു ശതമാനം കടന്നതോടെയാണ് ടി പി ആർ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനമാക്കിയായിരുന്നു നേരത്തെ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനിച്ചിരുന്നത്. എത്ര പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നതിനേക്കാൾ ടി പി ആർ എത്രയെന്ന് അറിയുന്നതിലായിരുന്നു ജനങ്ങൾക്ക് താൽപര്യം.ടി പി ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ ശാസ്ത്രീയമല്ലെന്ന വിമർശനം ഉയർന്നിരുന്നു.
ഇതോടെയാണ് ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്ര പേർ രോഗികളാകുന്നുവെന്ന് മനസിലാക്കുന്ന ഡബ്ല്യൂ ഐ പി ആറിലേക്ക് മാറിയത്. ഡബ്ല്യൂ ഐ പി ആർ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് ഒഴിവാക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇന്നലത്തെ ഔദ്യോഗിക വാർത്താകുറിപ്പിൽ നിന്ന് ടി പി ആർ ഒഴിവാക്കിയിരുന്നു.