ദേശീയം
കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി.
ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,82,553 ആയി ഉയര്‍ന്നു. നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 1,67,457 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ 13 കോടിയില്‍പ്പരം ആളുകള്‍ക്ക് വാക്സിന് നല്കി. 13,01,19,310 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കൊവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും 60000ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
അതേസമയം വാക്സീൻ ക്ഷാമം പരിഹരിക്കാനുള്ള നട പടികൾ ഊർജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. തൽക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്നും രോഗനിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷ്വറൻസ് പദ്ധതി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. മാർച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇൻഷ്വറൻസ് തുടരാനുള്ള തീരുമാനം.
ഒരു വർഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ നൽകിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായും അവസാനിപ്പിച്ചത്.