ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ്; 530 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,23,22,258 ആയി. 530 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,33,049 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 39,157 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,15,25,080 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ഇരുപത്തിയൊന്ന് കോടി കവിഞ്ഞ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം. വേൾഡോമീറ്റർ നൽകുന്ന കണക്കനുസരിച്ച് 210,051,360 കൊവിഡ് രോഗികളാണുളളത്. ഇതിൽ 188,186,868 ജനങ്ങൾ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ലോകമാകെ 684,384 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,379 മരണങ്ങളും. ഇതോടെ ഇതുവരെ മരണമടഞ്ഞവർ 4,404,212 പേരാണ്.
153,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് പ്രതിദിന കണക്കിൽ മുന്നിൽ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അമേരിക്കയിൽ കൊവിഡ് പിടിമുറുക്കുകയാണ്. 40,693 പുതിയ കേസുകളുളള ബ്രസീലാണ് രണ്ടാമത്. 1,128 പേർ മരണമടഞ്ഞ ഇന്തോനേഷ്യയാണ് പ്രതിദിന മരണസംഖ്യയിൽ മുന്നിൽ. അമേരിക്കയിലും ഇന്നലെ ആയിരത്തിലധികം പേർ മരണത്തിന് കീഴടങ്ങി.